തിരുവനന്തപുരം: രണ്ടുവയസുകാരൻ തനിയെ നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിയ സംഭവത്തില്‍ ഡേകെയറിലെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു.വെള്ളായണിക്ക് സമീപത്തുള്ള ഡേകെയർ സെന്‍ററില്‍ രണ്ട് ദിവസം മുമ്ബാണ് സംഭവം നടന്നത്.
ഡേകെയറിന് സമീപത്തുള്ള വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായി അധ്യാപകർ പോയ സമയത്താണ് കുട്ടി വീട്ടിലേക്ക് പോയത്. ഈ സമയം ഡേകെയറില്‍ ആയ ഉണ്ടായിരുന്നെങ്കിലും കുട്ടി ഇറങ്ങിപ്പോയത് അറിഞ്ഞില്ല. സംഭവത്തില്‍ കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അധ്യാപകർക്കെതിരെ ഡേകെയർ അധിൃതർ നടപടി എടുത്തിരിക്കുന്നത്.
ഡേകെയറിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഇതുവഴിയാണ് കുട്ടി പുറത്തേക്ക് പോയത്. കുട്ടി റോഡിലൂടെ നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മൂമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവർ കുട്ടിയുടെ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു. കുട്ടിയുടെ അച്ഛൻ ഡേകെയറില്‍ വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ്, സംഭവം അവിടെയുള്ളവർ അറിഞ്ഞത്.
കുട്ടി റോഡിന്‍റെ വശത്തുകൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്തുകൂടിയാണ് കുട്ടി ഒറ്റയ്ക്ക് നടന്നുപോയതെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയെ ഇനി ഡേകെയറില്‍ വിടില്ലെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസിലും ചൈല്‍ഡ് ലൈൻ അധികൃതർക്കും പരാതി നല്‍കി.
