കൊച്ചി: സ്വര്‍ണവില കൂടി വരുന്നത് പ്രധാന ചര്‍ച്ചയായി മാറിയിട്ടുണ്ടെങ്കിലും സ്വര്‍ണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല.
ആവശ്യക്കാര്‍ കൂടുന്നത് കൊണ്ടാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത്. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വന്നാല്‍ വില കുറയും. അല്ലെങ്കില്‍ കൈവശമുള്ള സ്വര്‍ണം എല്ലാവരും വില്‍ക്കാന്‍ തുടങ്ങിയാലും വില താഴും. ഇത് രണ്ടും നടക്കുന്നില്ല.
എത്ര വില കൂടിയാലും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ഓരോ രാജ്യങ്ങളും വ്യക്തികളും. കുറച്ച് കാലം കഴിഞ്ഞ് വിറ്റാല്‍ ലാഭം കൊയ്യാമെന്നതാണ് ഇതിന് കാരണം. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 4000 രൂപയിലധികം വര്‍ധിച്ചു. അതായത്, മൂന്ന് ദിവസം മുമ്ബ് സ്വര്‍ണം വാങ്ങിയ വ്യക്തിക്ക് വന്‍ ലാഭം കൊയ്യാന്‍ പറ്റി എന്നതാണ്. ഈ വര്‍ഷം സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങളാണത്രെ.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം 40 ഡോളര്‍ മുതല്‍ 120 ഡോളര്‍ വരെ ഉയര്‍ന്ന ദിവസങ്ങളുണ്ടായത് നിക്ഷേപകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ദിവസം 120 ഡോളര്‍ വരെ ഉയരുക എന്ന് പറഞ്ഞാല്‍ ചരിത്രത്തില്‍ ഉണ്ടാകാത്തതാണ്. എന്നാല്‍ എല്ലാ റെക്കോര്‍ഡുകളും തിരുത്തിയാണ് സ്വര്‍ണത്തിന്റെ വില കുതിപ്പ്. അതുകൊണ്ടുതന്നെ ഇന്ന് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞ് വിറ്റാലും ലാഭം വലിയതാകുമെന്ന് വിലയിരുത്താം.
