ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞ കാര്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ അവിടെ സ്വർണ്ണക്കൊള്ള നടത്താൻ ആകില്ല. സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് എസ് ഐ ടി യുടെ അന്വേഷണത്തിൽ വിശ്വാസ്യത ഇല്ലാത്തതുകൊണ്ടല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഐടി മാത്രം വിചാരിച്ചാൽ സത്യങ്ങൾ പുറത്തുകൊണ്ടുവരാനാകില്ല. കൊള്ളയുമായി ബന്ധപ്പെട്ട കണ്ണികൾ വിദേശത്തുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും അദേഹം പറഞ്ഞു.
സ്വർണ്ണക്കൊള്ളയിൽ സർക്കാരിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎം നേതാക്കൾക്കുള്ള പങ്ക് പുറത്തുവരും. എസ്‌ഐടിയുടെ നടപടികളിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. സമ്മർമുണ്ടാകാൻ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആ സമയത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വാർത്ത ഇന്നാണ് പുറത്തു വരുന്നത്. ഇതിന് പിന്നാലെ വലിയ രീതിയിൽ വിമർശനങ്ങളും സർക്കാരിനെതിരെ ഉയരുന്നുണ്ട്.
