രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആരംഭമായി ; അയോധ്യയില്‍ സുഗന്ധം പരത്തി ഭീമൻ ചന്ദനത്തിരി.

 

ലക്നൗ : അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി 108 അടി ഉയരമുള്ള ചന്ദനത്തിരി ക്ഷേത്ര പരിസരത്ത് എരിഞ്ഞുതുടങ്ങി.ബുധനാഴ്ച ക്ഷേത്ര ട്രസ്റ്റി മഹന്ദ് നിത്യ ഗോപാല്‍ ദാസാണ് ചന്ദനതിരിയില്‍ അഗ്നി പകര്‍ന്നത്.

ചടങ്ങുകളുടെ ഭാഗമായി കൂറ്റൻ ചന്ദനത്തിരിയില്‍ തീ കൊളുത്തുന്നത് കാണാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. 50 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് വരേ സുഗന്ധം പരക്കുന്ന തരത്തിലാണ് തിരി നിര്‍മിച്ചിട്ടുള്ളത്. 3,610 കിലോയാണ് ചന്ദനത്തിരിയുടെ ഭാരം.

ചൊവ്വാഴ്ച ആരംഭിച്ച പ്രാണ പ്രതിഷ്ഠാ ചടങ്ങുകളെ തുടര്‍ന്ന് വൻ ഭക്തജന തിരക്കാണ് അയോധ്യയില്‍ അനുഭവപ്പെടുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കുന്നത് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ആന്‍റി മൈൻ ഡ്രോണുകളും എഐ നിരീക്ഷണ കാമറകളും തീവ്രവാദ വിരുദ്ധ സ്ക്വാഡും ഉള്‍പ്പെടെ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.