പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ കോട്ടയം ന​ഗരസഭയുടെ കൃത്യനിർവഹണത്തിൽ വീണ്ടും വീഴ്ച; ബ​​​​ഗ്ഗർ ഹോമായ ശാന്തിഭവന് അനുവദിച്ചിരുന്ന 7,80,000 രൂപ നൽകിയില്ല, ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കോട്ടയം: പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ കോട്ടയം ന​ഗരസഭക്ക് വീണ്ടും തലവേദന. ശാന്തിഭവനിലേക്ക് നൽകാനുള്ള പണം നൽകാതെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ മറ്റൊരു ക്ലാർക്കിനും സസ്പെൻഷൻ. കോട്ടയം നഗരസഭയിലെ ക്ലർക്ക് സച്ചിൻ വി ചാക്കോയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ന​ഗരസഭയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ചു വരുന്ന മുട്ടമ്പലത്തെ ബ​​​​ഗ്ഗർ ഹോമായ ശാന്തിഭവന് അനുവദിച്ചിരുന്ന 7,80,000 രൂപ ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിലെ അധികൃതർ വ്യക്തമാക്കിയതോടെയാണ് നഗരസഭാ ജീവനക്കാരുടെ അനാസ്ഥ പുറത്തുവരുന്നത്. ബിഎഎംഎസ് മുഖേന പിൻവലിച്ച് 2024 മാർച്ച് 31നുള്ളിൽ ഈ തുക ശാന്തിഭവന് നൽകേണ്ടതായിരുന്നു.

എന്നാൽ, ബ​​​ഗ്​ഗർ ഹോമുമായി ബന്ധപ്പെട്ട ഫയലിൽ സെക്രട്ടറി ഒപ്പുവെച്ചിരുന്നെങ്കിലും ഇ-സബ്മിറ്റ് ചെയ്തിരുന്നില്ല. ഇതോടെയാണ് സച്ചിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ കോട്ടയം നഗരസഭയിലെ ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും അനാസ്ഥയും ആണ് വ്യക്തമാകുന്നത്.