പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; വൈരാഗ്യത്തിനു വീടിന് തീയിട്ട് യുവാവ്; പ്രതി അറസ്റ്റിൽ

കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായി വീടിന് തീയിട്ട കേസിലെ പ്രതി പിടിയില്‍. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നി എന്ന ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്.

തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് ബെന്നി കഴിഞ്ഞദിവസം തീയിട്ടത്. വീടിന്റെ പൂട്ട് പൊളിച്ച്‌ അകത്തു കയറി തീവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

പോത്താനിക്കാട് ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ്‌ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, കെടി സാബു, എഎസ് ഐമാരായ എം എസ് മനോജ്, വിസി സജി, സിപിഒ മാരായ കെഎ നിയാസുദ്ദീന്‍, വികെ സനൂപ്, ഷാനവാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.