തൃശൂര്‍: ഭാര്യയെ പേടിച്ചു പണം മോഷ്ടിക്കാന്‍ ഇറങ്ങിയ റിയോയുടെ ചെയ്ത്തിയില്‍ ആകെ പെട്ടുപോയത് ഭാര്യയും മക്കളുമാണ്.
അച്ഛന്‍ ചെയ്ത പ്രവൃത്തി കാരണം സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നിരിക്കയാണ് കുടുംബം. വീട്ടിലേക്ക് പോലിസ് എത്തിയതും ചുറ്റും നടക്കുന്ന ബഹളങ്ങളും എല്ലാമായി ആകെ തകര്‍ന്നിരിക്കയാണ് റിജോയുടെ കുട്ടികള്‍.
കുവൈത്തില്‍ നഴ്‌സായ ഭാര്യയും ആകെ തകര്‍ന്ന അവസ്ഥയിലാണ്. എല്ലാം റിജോയുടെ കുരുട്ടുബുദ്ധി വരുത്തിവെച്ചതാണ്.
പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി അയല്‍വാസിയായ റിജോ ആന്റണിയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.
കോവിഡ് കാലത്ത് ഗള്‍ഫിലെ ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയതാണ് റിജോ ആന്റണി. ജോലി പോയെന്ന് വച്ച് ആര്‍ഭാടത്തിന് ഒട്ടും കുറവില്ലാതെയായിരുന്നു ജീവിതം. സുഹൃത്തുക്കളുമൊത്ത് സ്ഥിരം മദ്യപാന പരിപാടികള്‍. തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്പനി കൂടല്‍ എല്ലാം പതിവായിരുന്നു.
ഗള്‍ഫില്‍ നഴ്‌സായ ഭാര്യയുടെ ചിലവിലായിരുന്നു ഈ ആര്‍ഭാടങ്ങളൊക്കെ. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം അതറിയാം. എന്നാല്‍, കുവൈത്തിലുള്ള ഭാര്യ ഇതേക്കുറിച്ചൊന്നും അറിഞ്ഞില്ല.
ഭാര്യ അയക്കുന്ന പണത്തിന്റെ നാലിരട്ടിയെങ്കിലും കടമെടുത്തും ചിലവാക്കി റിജോ. മറ്റുള്ളവര്‍ കടം കൊടുക്കുന്നതും റിജോയെ കണ്ടല്ല, കുടുംബത്തിന് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഭാര്യയെ കണ്ടാണ്, ഗള്‍ഫില്‍ നിന്ന് അവര്‍ മുടങ്ങാതെ പണം അയക്കുന്നതിന്റെ ധൈര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ നാട്ടിലെത്തുമ്പോള്‍ ഈ കടമെല്ലാം വീട്ടുമെന്ന് പലരും പ്രതീക്ഷിക്കും.
വരുന്ന ഏപ്രിലില്‍ അവര്‍ അവധിക്ക് എത്താനിരിക്കെ, അതിന് മുന്‍പേ കടമെല്ലാം തീര്‍ക്കാന്‍ റിജോ വഴിതേടിയത് ഈ പേടിയിലാണ്. ഏതാണ്ട് 49 ലക്ഷം കടമുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
