മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ പങ്കാളിക്ക് നേരെ സൈബര്‍ ആക്രമണം; ചിത്രങ്ങൾ മോർഫ് ചെയ്ത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അശ്ലീല പരാമർശം നടത്തി; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ 

മരട്: ‘മീഡിയവൺ’ എഡിറ്റർ പ്രമോദ് രാമന്‍റെ ഭാര്യക്ക്​ നേരെയുള്ള സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. മരട് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഐ.പി.സി 509, കേരള പൊലീസ് ആക്ട് 200 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

പൊന്നുരുന്നി ജി.എൽ.പി.എസ് അധ്യാപിക കൂടിയായ പി. ജയലക്ഷ്മിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇവരുടെ മൊഴിയെടുത്തശേഷമാണ് കേസെടുത്തത്. ചിത്രങ്ങൾ മോർഫ് ചെയ്ത്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അശ്ലീല പരാമർശം നടത്തിയെന്നുമാണ് പരാതി.

ചാനലില്‍ വന്ന വാര്‍ത്തയുടെ പേരിലാണ് എഡിറ്ററുടെ പങ്കാളിക്ക് നേരെ സൈബര്‍ ആക്രമണം നടന്നതെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ ഡി.ജി.പിക്കും കൊച്ചി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് ജയലക്ഷ്മിയുടെ താരുമാനം.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവരുടെ വിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രണ്ടു പ്രൊഫൈലുകളിൽ നിന്നാണ് വളരെ സ്പെസിഫിക് ആയി സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റുകളും കമന്‍റുകളും വന്നതെന്ന് ‘മീഡിയവൺ’ എഡിറ്റർ പ്രമോദ് രാമൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിന്റെ വ്യക്തമായ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫലപ്രദമായ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.