സര്‍ക്കാരിൻ്റെ ക്രൂരത കുഞ്ഞുങ്ങളോടും..! ‘പോഷകബാല്യം’ പദ്ധതിക്ക് തുക വൈകുന്നു; അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം മുടങ്ങി; തുക സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ

കണ്ണൂര്‍: സംസ്ഥാനത്തെ അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം മുടങ്ങി.

സര്‍ക്കാര്‍ ഉത്തരവു വൈകുന്നതാണ് പാലും മുട്ടയും വിതരണം വൈകാന്‍ കാരണമായത്.
ജനുവരി മാസത്തില്‍ ഇതിനുള്ള തുക സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. ജനുവരി മുതലുള്ള വിതരണം സംബന്ധിച്ച ഉത്തരവ് മാസാവസാനമായിട്ടും വരാത്തതാണു തടസ്സമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ 2022 ല്‍ തുടങ്ങിയ ‘പോഷകബാല്യം’ പദ്ധതി വഴിയാണ് ആഴ്ചയില്‍ രണ്ട് ദിവസം അങ്കണവാടികളില്‍ പാലും മുട്ടയും നല്‍കിയിരുന്നത്.
ബജറ്റില്‍ തുക വകയിരുത്തി ഡിസംബര്‍ വരെ കൃത്യമായി ഇതിന്റെ വിതരണം നടന്നിരുന്നു.

എന്നാല്‍ ജനുവരിയോടെ ഇതിന്റെ വിതരണം മുടങ്ങി. ഉത്തരവു വരുമ്പോള്‍ പണം നല്‍കാമെന്ന പ്രതീക്ഷയില്‍ ചില ബ്ലോക്കുകളില്‍ ഉദ്യോഗസ്ഥര്‍ താല്‍പര്യമെടുത്ത് ഒന്നോ രണ്ടോ തവണ വിതരണം നടത്തിയിരുന്നു. ധനവകുപ്പ് സ്‌പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് വിളിച്ചുചേര്‍ത്ത് പദ്ധതിക്കു ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വകുപ്പു സെക്രട്ടറി ഒപ്പിടാത്തതാണ് തടസ്സമെന്നുമാണു പറയുന്നത്.

പദ്ധതിക്ക് ഒരുമാസത്തേക്കു 2 കോടിയിലേറെ രൂപ ആവശ്യമാണ്. 3 മാസത്തേക്കുള്ള തുക ഒന്നിച്ച്‌ അനുവദിക്കുകയാണു പതിവ്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവിലേക്ക് 6.19 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പാലിന്റെയും മുട്ടയുടെയും വിലവര്‍ധനയ്ക്ക് ആനുപാതികമായി തുക വര്‍ധിപ്പിച്ചിട്ടില്ല. ഇവ അങ്കണവാടികളില്‍ എത്തിക്കാനുള്ള ചെലവേറിയതു പരിഗണിച്ചിട്ടില്ല. ഇക്കാരണത്താല്‍ കരാറുകാരുടെ നിസ്സഹകരണമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.