മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ചാലക്കുടി പുഴയുടെ തീരത്ത്; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യം ഇന്നും തുടരും.

കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലാണ് ആന ഇപ്പോള്‍ ഉള്ളത്.

കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പരിക്കറ്റ ആന. കാട്ടാനക്കൂട്ടത്തില്‍ നാല് ആനകളാണ് ഉള്ളത്. ഇല്ലിക്കാടിന്റെ അപ്പുറം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍ തോട്ടമാണ്. റബര്‍ തോട്ടം കഴിഞ്ഞാല്‍ നിബിഡ വനമാണ്. ഈ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാട്ടാനയെ മയക്കുവെടിവെച്ച്‌ ചികിത്സ നല്‍കാനായിരിക്കും ദൗത്യസംഘത്തിന്റെ നീക്കം.