രാത്രി ബൈക്കില്‍ വരുമ്പോള്‍ തൊട്ടുമുൻപില്‍ മദപ്പാടുള്ള പടയപ്പ; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: മറയൂരില്‍ കാട്ടാന പടയപ്പയെക്കണ്ട് പേടിച്ച്‌ വിറച്ച്‌ നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.

ഇന്നലെ രാത്രിയാണ് സംഭവം. തൃശ്ശുർ ആന്മല്ലൂർ സ്വദേശികളായ ദില്‍ജ, മകൻ ബിനില്‍ എന്നിവർക്കാണ് പരിക്കേറ്റത്. മറയൂർ മൈക്കിള്‍ ഗിരി സ്കൂള്‍ വാർഷികത്തോടനുബന്ധിച്ച്‌ കുട്ടികളെ മേയ്ക്ക് അപ് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ പരിപാടിയെല്ലാം കഴിഞ്ഞ് തിരികെ വരുന്ന വഴിയായിരുന്നു പടയപ്പയുടെ മുന്നിലകപ്പെട്ടത്.

മൂന്നാർ – മറയൂർ പാതയില്‍ വാഗുവാരെയില്‍ വച്ചാണ് ഇവർ പ്രകോപിതനായ കാട്ടാനയെ കാണുന്നത്. തുടർന്നായിരുന്നു അപകടം.

ഏറെനാളായി മദപ്പാടിലുളള ആന മറയൂരിലെ ജനവാസ മേഖലയില്‍ ഭീതിവിതയ്ക്കുകയാണ്. ഇന്നലെയും രാത്രി റോഡിലിറങ്ങിയ ആന ഏറെ നേരം വാഹനങ്ങള്‍ തടഞ്ഞിരുന്നു.

മൂന്നാർ-മറയൂർ അന്തഃസംസ്ഥാന പാതയില്‍ നയമക്കാടിന് സമീപം കഴിഞ്ഞ ദിവസം പടയപ്പ ഷൂട്ടിങ് വാഹനം തകർത്തിരുന്നു. സിനിമ ഷൂട്ടിങ് സംഘം സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലറിന്റെ മുൻവശത്തെ ചില്ലും ബോണറ്റുമാണ് തകർത്തത്. ജനവാസ മേഖലയില്‍ തുടരുന്ന കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.