തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസില്‍ പ്രതികളെ പത്തുവർഷം കഠിനതടവിനും പിഴയും ശിക്ഷ വിധിച്ചു.
ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26)രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആർ (കണ്ണൻ, 29) എന്നിവരെയാണ് 10വർഷം കഠിനതടവിനും 15000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 2 വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണം എന്ന് കോടതി വിധിയില്‍ പറയുന്നു.
2024 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തില്‍ വച്ചു പരിചയപ്പെട്ട വിവാഹിതനായ ആക്കുളം സ്വദേശി ജിഷ്ണുവുമായി പ്ലസ് വണ്‍ വിദ്യാർത്ഥിനി സൗഹൃദത്തിലായിരുന്നു . ഈ സൗഹൃദം മുതലെടുത്ത് വിഷ്ണു പെണ്‍കുട്ടിയെയും ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതി വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി . അവിടെ എത്തിയ പെണ്‍കുട്ടികള്‍ക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു. അതിന് ശേഷം ജിഷ്ണു വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു . മറ്റ് കുട്ടികള്‍ വിഷ്ണുവിന്റെ മുറിയിലായിരുന്നു. ഇതില്‍ ഒരു കുട്ടിയെ വിഷ്ണു പീഡിപ്പിച്ചിരുന്നു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷന് എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു . എന്നാല്‍ അതിജീവിതയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.
സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയില്‍ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് മദ്യം നല്‍കി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കാൻ ശ്രമിച്ചിരുന്നു.
പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. ബിന്ദു വി സി എന്നിവർ ഹാജരായി. മെഡിക്കല്‍ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാല്‍ ആണ് കേസ് അന്വേഷിച്ചത്.
