പരാതിയുമായി വന്നിട്ടും മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തുനിര്‍ത്തി; പിന്നാലെ കുഴഞ്ഞുവീണു; പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പോലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി കുടുംബം

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പോലീസ് മോശമായി പെരുമാറിയതായി ഗുരുതര ആരോപണം.

പീഡന പരാതിയുമായി സ്റ്റേഷനിലെത്തിയ 23-കാരിയെ മണിക്കൂറുകളോളം കാത്തുനിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കുടുംബം പരാതിപ്പെടുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് യുവതി സ്റ്റേഷനില്‍ കുഴഞ്ഞുവീണു.

ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ച്‌ പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പരാതിയുമായി അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, ഉടനടി മൊഴി രേഖപ്പെടുത്താനോ ആവശ്യമായ സഹായം നല്‍കാനോ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

രാത്രി മുഴുവൻ മൊഴിയെടുക്കാതെ പെണ്‍കുട്ടിയെ കാത്തുനിർത്തുകയും പുരുഷ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.