എം.ജി സര്‍വകലാശാല: പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ ബിരുദം മൂന്നുവര്‍ഷം തന്നെ; പ്രോഗ്രാമുകള്‍ തുടരാൻ തീരുമാനം

കോട്ടയം: നിലവിലുള്ള പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്രോഗ്രാമുകള്‍ തുടരാൻ എം.ജി. സർവകലാശാല.

നാലുവർഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനൊപ്പം പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ ബിരുദകോഴ്‌സുകള്‍ പഴയതുപോലെ മൂന്നുവർഷക്കാലാവധിയില്‍ നടത്താനാണ്‌ തീരുമാനം.
എം.ജി.യില്‍ 11 വിഷയങ്ങളില്‍ ബിരുദകോഴ്‌സുകളും 12 വിഷയങ്ങളില്‍ പി.ജി. േകാഴ്‌സുകളും നടത്തുന്നുണ്ട്‌.

കൂടാതെ, ബി.കോം., എം.കോം. പ്രോഗ്രാമുകളും ഉണ്ട്‌. ശ്രീനാരായണ ഓപ്പണ്‍ സർവകലാശാല നടത്തുന്ന ഡിസ്റ്റൻസ്‌ എജുക്കേഷൻ പ്രോഗ്രാമുകള്‍ മറ്റ് സർവകലാശാലകള്‍ നടത്തരുതെന്ന്‌ നിയമസഭ പാസാക്കിയ ഓപ്പണ്‍ സർവകലാശാലാ ആക്‌ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഈ സാഹചര്യത്തില്‍ എം.ജി. സിൻഡിക്കേറ്റ്‌ തീരുമാനം നിയമപരമായി നിലനില്‍ക്കുമോയെന്നതില്‍ സംശയമുണ്ട്‌. ഓപ്പണ്‍ സർവകലാശാലയില്‍ ഇത്തവണ ഡിസ്റ്റൻസ്‌ പ്രോഗ്രാമുകള്‍ നാലുവർഷ ബിരുദരീതിയിലേക്ക്‌ മാറ്റും. എന്നാല്‍, പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകള്‍ മൂന്ന്‌ വർഷമായിത്തന്നെ തുടർന്നാല്‍ നിയമപ്രശ്‌നമുണ്ടാകില്ലെന്നാണ്‌ എം.ജി. സിൻഡിക്കേറ്റ്‌ വിലയിരുത്തിയത്‌.

2020-ല്‍ സ്ഥാപിച്ച ഓപ്പണ്‍ സർവകലാശാലയില്‍ 16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി.പ്രോഗ്രാമുകളുമുള്‍പ്പെടെ 28 കോഴ്‌സുകളാണ്‌ നടത്തുന്നത്‌.