കണ്ണൂർ: കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പരിക്കേറ്റ ഉടൻ തന്നെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നാണ് വിവരം. “സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്. കയറി വരുമ്പോള്‍ ഉന്തും തള്ളും ഉണ്ടായിരുന്നു,” എന്നാണ് വീണ ജോർജ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്.
പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി തിരക്കി. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്.
വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്യാനായി എത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാർ തടയുകയായിരുന്നു. പിന്നാലെ ഉണ്ടായ ഉന്തിനും തള്ളിനും ഇടയില്‍പ്പെട്ട ആരോഗ്യമന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേല്‍ക്കുകയായിരുന്നു.
