വിഭാഗീയതയില്‍ പൊറുതിമുട്ടിയ പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം; ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിർന്ന നേതാക്കള്‍; മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിൽ സംസ്ഥാന നേതൃത്വം

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് കൊടി ഉയരുകയാണ്.

ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ നീക്കം ശക്തമാക്കുമ്പോള്‍ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണ ചർച്ചയിലും ഉള്‍പ്പടെ നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം.

ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി.

സ്ഥാനം ഒഴിയുന്ന ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് പ്രിയം അടൂരില്‍ നിന്നൊരു നേതാവിനെയാണ്. പി.ബി. ഹർഷകുമാറും ടിഡി. ബൈജുവും പരിഗണിനയിലുണ്ട്.

തിരുവല്ലയില്‍ നിന്നുള്ള മുതിർന്ന ആർ. സനല്‍കുമാറാണ് മറ്റൊരു പേര്. എന്നാല്‍ അടൂർ, തിരുവല്ല ഏരിയ നേതൃത്വങ്ങള്‍ തമ്മില്‍ തർക്കമുണ്ടായാല്‍ മുൻ എംഎല്‍എ രാജു എബ്രഹാമിനെ സെക്രട്ടറിയാക്കാമെന്നാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.