ചാക്കില്‍ സൂക്ഷിച്ച കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ; ഇവരിൽനിന്ന് 12 കിലോ പിടിച്ചെടുത്തു

കുമളി: 12 കിലോ കഞ്ചാവുമായി നാലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23) എന്നിവരെയാണ് കമ്പം ഇൻസ്പെക്ടർ മുത്തുലക്ഷ്മി, എസ്.ഐ ദേവരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ആന്ധ്ര, ശിലുക്കല്ലൂർ പേട്ടയില്‍ സുഭാനി എന്ന ആളില്‍ നിന്നാണ് സുജിത് കുമാർ കഞ്ചാവ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി പൊലീസ് പറഞ്ഞു.

കമ്പംമേട്ട് റോഡരികിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചാക്കില്‍ സൂക്ഷിച്ച കഞ്ചാവുമായി വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കമ്പംമേട്ട് വഴി കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.