മണ്ഡലകാലത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു; ഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി 30 ന് തുറക്കും; മകരവിളക്ക് ജനുവരി 14 ന്

സന്നിധാനം: മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി.

രാത്രി 9.50 ന് ഹരിവരാസനം പാടി ശബരിമല നട അടച്ചു. ഇനി മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് തുറക്കും.

ജനുവരി 14 നാണ് മകരവിളക്ക്. 32.50 ലക്ഷം ഭക്തരാണ് മണ്ഡലകാലത്ത് ദർശനത്തിന് എത്തിയത്.

ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ഉച്ചക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തില്‍ അയ്യപ്പസ്വാമിക്ക് മണ്ഡല പൂജ നടത്തിയിരുന്നു. ആറൻമുള ക്ഷേത്രത്തില്‍ നിന്ന് എത്തിച്ച തങ്ക അങ്കി ചാർത്തിയായിരുന്നു മണ്ഡലപൂജ. കളഭ എഴുന്നെള്ളത്തും മറ്റ് ചടങ്ങുകളും ഇതുമായി ബന്ധപ്പെട്ട് നടന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടേയും കാർമികത്വത്തിലായിരുന്നു പൂജകള്‍.

30ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മുൻവർഷത്തേക്കാള്‍ അഞ്ച് ലക്ഷത്തോളം അധികം തീർത്ഥാടകർ ഇതുവരെ എത്തിയെന്നാണ് കണക്ക്. 5,66,571 ഭക്തർ സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനം നടത്തി.

ഡിസംബർ 25 വരെ പുല്ലുമേട് വഴി ദർശനത്തിന് എത്തിയത് 74764 തീർത്ഥാടകരാണ്. കഴിഞ്ഞവർഷം 69,250 ഭക്തരാണ് ഈ കാലയളവില്‍ പുല്ലുമേട് വഴി എത്തിയത്.