പത്തനംതിട്ടയില്‍ വാഹനറാലി നടത്തി നടുറോഡില്‍ കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിച്ച സംഭവം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റില്‍

പത്തനംതിട്ട: പൊതുനിരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ വാഹനഗതാഗതം തടസപ്പെടുത്തി ജന്മദിനാഘോഷം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌തു.

പത്തനംതിട്ടയില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്‌ഷനില്‍ 20ഓളം കാറുകളടങ്ങിയ റാലി നടത്തിയും 50ഓളം യുവാക്കള്‍ ചേർന്നും കേക്ക് മുറിച്ച്‌ ജന്മദിനാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ കേക്ക് മുറിച്ച ഷിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളാണ് സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാംപ്രതി.

പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് ഷിയാസ്. വെട്ടിപ്രത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്ലബായ കമ്മട്ടിപ്പാടത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നതെന്നാണ് ആക്ഷേപം.

ശനിയാഴ്ച രാത്രി ഒൻപതു മുതല്‍ പത്തുവരെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലായിരുന്നു ആഘോഷം. ഇതോടെ ഗതാഗതം തടസപ്പെട്ടു. ജനറല്‍ ആശുപത്രി, പത്തനംതിട്ട സെൻട്രല്‍ ജംഗ്ഷൻ, തിരുവല്ല, സ്റ്റേഡിയം റോഡ്, വെട്ടിപ്രം എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയാണിത്. ആഘോഷത്തിന്റെ വീഡിയോ സംഘം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.