ഇടുക്കി: കുമളിയില്‍ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സിപിഎം പ്രവർത്തകരുടെ മർദ്ദനം.
ബസ് സ്റ്റാൻഡ് കയ്യേറി സിപിഎം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തില്‍ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മർദ്ദിച്ചത്.
ഇതോടെ പുലർച്ചെ കുമളിയില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടേണ്ട കെഎസ്‌ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി. പാർട്ടി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബസ് സ്റ്റാൻഡില്‍ സ്തൂപം സ്ഥാപിച്ചത്.
സി.പി.എം തേക്കടി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായാണ് കുമളി ബസ് സ്റ്റാന്റ് കൈയ്യേറി രക്തസാക്ഷി സ്തൂപം നിർമിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ പാർക്ക് ചെയ്യുന്നതിനായി നീക്കിയിട്ടിരിക്കുന്ന സ്ഥലത്താണിത് നിർമ്മിച്ചിരിക്കുന്നത്.
പുലർച്ചെ സർവ്വീസ് നടത്താൻ എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്തുപം തട്ടിമറിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ ബസ് സ്റ്റാന്റില്‍ സംഘടിച്ചെത്തി കെഎസ്‌ആർടിസി കണ്ടക്ടറെ മർദ്ദിച്ചു. ഇതോടെ മികച്ച കളക്ഷൻ നേടുന്ന കെഎസ്‌ആർടിസി ബസിന്റെ സർവീസ് മുടങ്ങി.
അതേസമയം പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജീവനക്കാരനെ സംഭവം വിവാദമാകുമെന്നറിഞ്ഞതോടെ സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് സ്ഥലത്തു നിന്ന് മാറ്റി. ബസിലേക്ക് കയറിയ യാത്രക്കാരന്റെ കൈ തട്ടിയാണ് സ്തൂപത്തിന്റെ ഭാഗം മറിഞ്ഞത്.
അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ നടപടിയൊന്നുമെടുക്കാൻ തയ്യാറല്ല.
