കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞ് യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.
മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുൽ പി ഗോപാലും (29) വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് രാഹുൽ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്.
യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കാണുകയും തുടർന്ന് അന്വേഷിച്ചപ്പോൾ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.
എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി രംഗത്തെത്തി.
ബന്ധുക്കൾ സമ്മർദ്ദത്തിലാക്കിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന് യുവതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണമാണ് കോടതിയോട് കള്ളം പറഞ്ഞതെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.
‘തനിക്ക് രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹമെന്നും വീട്ടുകാർ ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കുകയായിരുന്നെന്നും’ യുവതി പറഞ്ഞു. ഇതിനു ശേഷമാണ് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകിയത്.
