പോലീസുകാർക്കും നോട്ടെഴുത്ത് മസ്റ്റ്; എപ്പോള്‍ ചോദിച്ചാലും കൃത്യമായി എഴുതിയ നോട്ട് ഇല്ലെങ്കിൽ പണി പോവും, എസ്പിയുടെ നോട്ട്ബുക്ക് പരിശോധനയിൽ കുടുങ്ങിയത് ആലപ്പുഴയിലെ ഗ്രേഡ് എസ്‌ഐ പി.പ്രദീപ്, ഗുരുതര കൃത്യവിലോപത്തിന് ഉടൻ സസ്പെൻഷൻ

സ്കൂള്‍- കോളേജ് വിദ്യാർത്ഥികള്‍ക്കെന്ന പോലെ സർക്കാർ ജോലിക്കാരായ പോലീസുകാർക്കും നോട്ടെഴുത്ത് മസ്റ്റാണ്. ദൈനംദിന കാര്യങ്ങള്‍ നോട്ടുബുക്കില്‍ കുറിച്ച്‌ സദാ കൈയ്യില്‍ കൊണ്ടുനടക്കണം. ക്ലാസിലെ ടീച്ചറുടെ പോലെ മേലുദ്യോഗസ്ഥൻ എപ്പോള്‍ ചോദിച്ചാലും പരിശോധനക്ക് കൊടുക്കണം.

പോലീസുകാർക്കും നോട്ടുബുക്ക്. അത് എഴുതാത്തത് ഗുരുതര കൃത്യവിലോപമെന്നും അതിന് സസ്പെൻഷനെന്നും മറ്റുമുള്ള ഉത്തരവ് കണ്ട് മലയാളികള്‍ അന്തംവിട്ടത് കഴിഞ്ഞയാഴ്ചയാണ്….

ഇതൊക്കെ പോലീസിലെ നാട്ടുനടപ്പാണ്. ഇതെല്ലാം സാധാരണക്കാർക്ക് മനസിലാകാൻ കവി കൂടിയായ ആലപ്പുഴയിലെ ഗ്രേഡ് എസ്‌ഐ പി.പ്രദീപ് കാരണക്കാരനായെന്ന് മാത്രം. തൻ്റെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളില്‍ ജില്ലാ പോലീസ് മേധാവിമാർ ഇൻസ്പെക്ഷൻ നടത്തുന്നത് പുതുമയൊന്നും അല്ലെങ്കിലും ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ എത്തിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

അങ്ങനെയാണ് നോട്ടുബുക്ക് പരിശോധനയില്‍ പി.പ്രദീപ് കുടുങ്ങിയത്. എസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ഡിഐജി പുട്ട വിമലാദിത്യയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. അത് കടന്ന കൈയ്യാണെന്ന് ബോധ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ശിക്ഷ കുറയ്ക്കാൻ നിർദേശിച്ചിരുന്നു. ഇതോടെയാണ് തിരിച്ചെടുത്ത് ‘ഓറല്‍ എൻക്വറി’ ഉത്തരവായത്.

കരീലക്കുളങ്ങര സ്റ്റേഷനില്‍ തന്നെ എസ്‌ഐ ആയിരുന്നയാള്‍ക്ക് അയല്‍വാസിയുടെ പരാതിയിലെടുത്ത കേസിൻ്റെ പേരില്‍ നിർബന്ധിത വിരമിക്കലിനാണ് ഡിഐജി ഉത്തരവിട്ടത്. കേസില്‍ നിന്ന് പരാതിക്കാരി പിൻവാങ്ങിയിട്ടും നടപടി ഇളവുചെയ്യാൻ ഡിഐജി തയ്യാറായില്ല. ഈ നടപടിയും ഇപ്പോള്‍ പുനപരിശോധിക്കുന്നുണ്ട്.

വിരമിക്കാൻ ഏതാനും മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഗ്രേഡ് എസ്‌ഐ പി.പ്രദീപിനെതിരെ കടുത്ത നടപടിയുണ്ടായത്. നേരത്തെ ജോലിചെയ്ത കരീലക്കുളങ്ങരയില്‍ അധികം അകലെയല്ലാതെ വീയപുരം സ്റ്റേഷനിലാണ് പുതിയ നിയമനം.

ഇടത് അനുകൂല പോലീസ് അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ ഭാരവാഹിയായിരുന്നു പ്രദീപ്. വാട്സാപ്പ് ഗ്രൂപ്പുകള്‍ തോറും പ്രചരിച്ച സസ്പെൻഷൻ ഉത്തരവിലൂടെ ഗ്രേഡ് എസ്‌ഐ പ്രദീപിനെ ഇപ്പോള്‍ പലരും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രദീപ് കരുവാറ്റ എന്ന തൂലികാനാമത്തിലൂടെ ആലപ്പുഴക്കാർക്ക് മുൻപേ പരിചിതനാണ്. കാരണം കവിയും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമാണ് പ്രദീപ്.