ദിവ്യയെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാനേതൃത്വം; അപക്വമായ നടപടിയെന്ന് വിമര്‍ശനം; അന്വേഷണം നടത്തുമെന്ന് ഉദയഭാനു

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാനേതൃത്വം.

അപക്വമായ നടപടിയാണ് പി പി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായത്. ഗൗരവത്തോടെയാണ് ഈ വിഷയത്തെ പാർട്ടി കാണുന്നത്. സർക്കാരും പാർട്ടിയും ഇത് അന്വേഷിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്ന് ജില്ലാസെക്രട്ടറി സി.പി ഉദയഭാനു വ്യക്തമാക്കി.

കണ്ണൂരില്‍ ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണ്. നവീൻ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. പൂർണമായും ഒരു പാർട്ടി കുടുംബമാണ് നവീന്റേത്. പ്രവർത്തനകാലം മുഴുവൻ ഇടതുപക്ഷവുമായി സഹകരിച്ചയാളാണ് നവീനും.

സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹം. എല്ലാത്തരത്തിലും കഴിവ് തെളിയിച്ച നേതാവാണ് നവീൻ. യാത്രയയപ്പിലും മരണത്തിന്റെ അനുശോചനത്തിലും പൊതുവേ ആളുകള്‍ നല്ലത് മാത്രമാണ് പറയാറുള്ളത്. അതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഈ രണ്ട് സാഹചര്യങ്ങളേയും വിമർശനപരമായി ആരും ഉപയോഗിക്കാറില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാട് അപക്വമാണ്. സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.നവീന്റെ മരണം സംബന്ധിച്ച്‌ പാർട്ടിയും സർക്കാരും അന്വേഷണം നടത്തുമെന്നും ഉദയഭാനു വ്യക്തമാക്കി.