സിപിഒ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം..! പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തികകള്‍; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവില്‍ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം.

ഇവരുടെ പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

അടുത്ത മെയ് മാസത്തിലാണ് പൊലീസിലെ സിവില്‍ പൊലിസ് ഓഫീസർ തസ്തികളിയില്‍ കൂട്ട വിരമിക്കല്‍ ഒഴിവുകള്‍ വരുന്നത്. അങ്ങനെ പ്രതീക്ഷിത ഒഴിവിലേക്ക് മുൻകൂട്ടി പരിശീലനം നല്‍കാനായി സർക്കാർ ഉത്തരവിറക്കിയാലെ ഈ പട്ടികയില്‍ നിന്നും 1000 പേർക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ.

ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പൊലീസ് കോണ്‍സ്റ്റബില്‍ തസ്തികയില്‍ ഓരോ ജില്ലയിലും വരുന്ന ഒഴിവുകളിലെ നിശ്ചിത എണ്ണം തസ്തികകള്‍ വനിതകള്‍ക്കായി മാറ്റിവെക്കുകയാണെന്നും പുതിയ ഉത്തരവിലുണ്ട്.

സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ കണക്കാക്കുമ്പോള്‍ വരുന്ന ഒരോ 9 ഒഴിവുകളും ജില്ലയുടെ ഫീഡര്‍ ബറ്റാലിയൻ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ് -വൈഡ് പിഎസ്‍സി ലിസ്റ്റില്‍ നിന്നുള്ള വനിത പൊലീസ് കോണ്‍സ്റ്റബില്‍ നിയമനത്തിനും മാറ്റിവെയ്ക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.

ഇതിനുപുറമെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി 1200 താല്‍ക്കാലിക റിക്രൂട്ട്മെന്‍റ് ട്രെയിനി പൊലീസ് കോണ്‍സ്റ്റബിള്‍ (ആര്‍ടിപിസി) തസ്തികകള്‍ ജൂലൈ ഒന്ന് മുതല്‍ ഒരു വര്‍ഷം പ്രാബല്യത്തിലേക്ക് സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയത്.