ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ, മുഖ്യമന്ത്രി പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

കേന്ദ്രമന്ത്രിമാർക്കൊപ്പം സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എംബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്. മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിന്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തിയതെന്ന് വിമർശനമുയർന്നു.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിലാണ് നിർമിച്ച ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയാണ് നാടിന് സമർപ്പിക്കുന്നത്. മുംബൈ-കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ റോഡ് കണ്ണൂർ, കാസർകോട് ജില്ലകളെയും മുഴപ്പിലങ്ങാട്, മംഗലാപുരം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 39 കിലോമീറ്റർ നീളമുള്ള സ്ട്രെച്ചിന്റെ നിർമാണം തുടങ്ങിയത് 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25ന്‌ നിർമാണം പൂർത്തിയാക്കി.