ചോദ്യങ്ങള്‍ക്ക് പല മറുപടി; പൊലീസിനെ കുഴപ്പിച്ച്‌ റിജോ; മുൻപും കവര്‍ച്ചാ ശ്രമം; പൊലീസ് ജീപ്പ് കണ്ടതോടെ ഉപേക്ഷിച്ചു; പോട്ട ഫെഡറല്‍ ബാങ്ക് കവർച്ചാ കേസിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്.

ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടിയാണ് റിജോ നല്‍കുന്നതെന്നത് പൊലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാർത്ത കണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി, റിജോ കടം വീട്ടിയ 2, 94 ,000 രൂപ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവർച്ച വിജയകരമായി നടത്തിയത്.

മുൻപും ബാങ്കില്‍ കവർച്ച നടത്താൻ പ്രതി ശ്രമിച്ചിരുന്നു. നാല് ദിവസം മുൻപായിരുന്നു ആദ്യ ശ്രമം. അന്ന് പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.

കൊള്ള നടത്തുന്ന സമയത്ത് ഉപയോഗിച്ച ജാക്കറ്റ് പ്രതി വീട്ടിലെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിനിടെയാണ് വീട് വളഞ്ഞ് പ്രതിയെ പൊലീസ് പിടികൂടിയത്.