എംഡിഎംഎയുമായി ബാങ്ക് ഉദ്യോഗസ്ഥൻ പിടിയില്‍; പിടിയിലായത് കൊച്ചിയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുമ്പോള്‍

ഇടുക്കി: ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയില്‍.

കൊച്ചിയില്‍ നിന്ന് വില്‍പനക്കായി തൊടുപുഴയില്‍ എത്തിച്ച രാസലഹരിയുമായിട്ടാണ് കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുല്‍ത്താൻ പിടിയിലായത്.
34 ഗ്രാം എംഡിഎംഎയുമായാണ് തൊടുപുഴ പോലീസിൻ്റെ പിടിയിലായത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ പെരുമ്പള്ളിച്ചിറയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് റെസിൻ പിടിയിലായത്. കൊച്ചിയില്‍ നിന്ന് വാങ്ങിയ എംഡിഎംഎ തൊടുപുഴയിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവരികയായിരുന്നു.

വിദേശ മലയാളിയാണ് ലഹരി കച്ചവടത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ് പിടിയിലായ റെസിൻ.
രണ്ടുമാസമായി അവധിയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ക്കൊപ്പം കൂടുതല്‍ ആളുകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. പത്തുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേർത്താണ് റെസിനെതിരെ കേസ്സെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.