സംഭരണം വൈകുന്നതിനാൽ രാജ്യത്ത് തൊട്ടാൽ പൊള്ളുന്ന ഉയർച്ചയിലേക്ക് ഉള്ളി വില

ഡൽഹി: രാജ്യത്ത് സർക്കാർ ഉള്ളി സംഭരണം ത്വരിതപ്പെടുത്തിയില്ലെങ്കിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി വിദഗ്ധരും വ്യാപാരി സംഘടനകളും.

സർക്കാർ ഏജൻസികളുടെ മന്ദഗതിയിലുള്ള സംഭരണമാണ് വില ഉയരാനുള്ള ഒരു കാരണമെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം ഉള്ളി ഉൽപ്പാദനം കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.

നിലവിൽ, ഡൽഹിയിലും മറ്റ് മെട്രോ നഗരങ്ങളിലും റീട്ടെയിൽ വില 35-40 രൂപ വരെയാണ്, ഒരു മാസം മുമ്പ് ഇത് ഏകദേശം 20-25 രൂപയായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പുതിയ വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉള്ളി വില 50-60 രൂപയ്ക്ക് മേലെ ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം സർക്കാർ ഏജൻസികളുടെ ഉള്ളി സംഭരണം വളരെ കുറവായിരുന്നു. ഇത് വ്യാപാരികൾക്കിടയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള പ്രവണത ഉണ്ടാക്കി. സർക്കാർ സംഭരണം കുറഞ്ഞതോടെ വ്യാപരികൾ കൂടുതൽ സംഭരിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്തു.

മാത്രമല്ല, സർക്കാർ നിശ്ചയിച്ച സംഭരണ ​​വില കിലോയ്ക്ക് ഏകദേശം 21 രൂപയായിരുന്നു, എന്നാൽ, മൊത്ത വിപണി വില 25-30 രൂപയാണ്. മികച്ച വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതിനേക്കാൾ കൂടുതൽ കാലം ഉള്ളി സംഭരിക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു.

രാജ്യത്തെഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. അതിനാൽ മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ ഉള്ളിവില കുത്തനെ ഉയർത്തും. ഈ വർഷം ഉള്ളിയുടെ ഉത്പാദനം 15-20% കുറഞ്ഞിട്ടുണ്ട്.