തിരുവനന്തപുരം: എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഓണാഘോഷം ഉറപ്പാക്കി സംസ്ഥാന പോലീസ് മേധാവി. സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥർക്കും ആഘോഷത്തിന് അവസരം നൽകണമെന്ന് ഡിജിപി പ്രത്യേക ഉത്തരവ് ഇറക്കി.
എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പരമാവധി അവസരം നൽകണമെന്നുമാണ് നിർദ്ദേശം. ഇതിനായി യൂണിറ്റ് ചീഫുമാർ ഡ്യൂട്ടി ക്രമീകരിക്കണമെന്നും ഉത്തരവിൽ നിർദേശം നൽകി.
നേരത്തെ ഓണത്തിനു പോലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 14 മുതൽ 18 വരെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമായതിനെ തുടർന്നാണ് ഇത്തരത്തിൽ നിർദേശം നൽകുന്നതെന്ന് എസ്പി ഉത്തരവിൽ വിശദീകരിച്ചിരുന്നു.
