അടുത്ത ലുലു മാള്‍ വരുന്നു..! നിര്‍മ്മാണം തുടങ്ങി; തൊഴില്‍ ലഭിക്കുക 17,000 പേര്‍ക്ക്; മൂന്ന് വര്‍ഷം കൊണ്ട് മാള്‍ തുറക്കും

കൊച്ചി: കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും അടക്കം 8 ലുലു മാളുകളാണ് ലുലു ഗ്രൂപ്പിനുളളത്.

സംസ്ഥാനത്ത് പലയിടത്തും ലുലു ഗ്രൂപ്പ് പുതിയ മാളുകള്‍ നിർമ്മിക്കാൻ ഒരുങ്ങുകയുമാണ്.
അതിനിടെ ലുലുവിന്റെ രാജ്യത്തെ ഒൻപതാമത്തെ മാള്‍ നിർമ്മാണം തുടങ്ങിയിരിക്കുകയാണ്.

വിശാഖപട്ടണത്തെ ലുലു മാള്‍ അടക്കമുളള ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി. സിഐഐ പാർട്ട്ണർ സമ്മിറ്റില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നടത്തിയത്. കോടികളുടെ വൻൻ പദ്ധതികളാണ് ആന്ധ്രപ്രദേശില്‍ ലുലു ഗ്രൂപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

വിശാഖപട്ടണം ലുലുമാള്‍, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയില്‍ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ്ബും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. ഇത് സംബന്ധിച്ച ധാരണാ പത്രം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് എംഎ യൂസഫലി കൈമാറി.

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാളെന്ന് എംഎ യൂസഫലി പറഞ്ഞു. മാളിന്റെ നിർമാണ പ്രവർത്തനം ഈ ആഴ്ച തന്നെ തുടങ്ങും. മൂന്ന് വർഷത്തിനകം മാള്‍ പ്രവർത്തനം ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.