യുവതികളുടെ ചിത്രം വെബ്‌സൈറ്റുകളിൽ നൽകും, കണ്ട് ഇഷ്ടപ്പെട്ടാൽ ഉറപ്പിക്കും, വേശ്യാവൃത്തി പ്രവർത്തനം ഇങ്ങനെ, മൂന്ന് വനിതകൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വേശ്യാവൃത്തി ശൃംഖല നടത്തിയ മൂന്ന് പ്രവാസി വനിതകൾ അറസ്റ്റിൽ. കുവൈറ്റ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വേശ്യാവൃത്തി നടത്തിയ വനിതകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ എട്ടിന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അറസ്റ്റിലായ യുവതികൾ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് വിവരം.

ഇടപാടുകാരെ ലഭിക്കാൻ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ സൈറ്റുകളുമാണ് ഇവർ ഉപയോ​ഗിച്ചിരുന്നത്. വെബ്‌സൈറ്റുകൾ വഴി യുവതികളുടെ ചിത്രം നൽകും ഇതേതുടർന്നാണ് ഇവർക്ക് ഇടപാടുകാരെ ലഭിച്ചിരുന്നത്. പണം കൈമാറ്റം അക്കൗണ്ട് വഴിയായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

മൂന്ന് പേരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യും. മറ്റാരെങ്കിലും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചിരുന്ന നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട 1006 റിപ്പോർട്ടുകൾ കൈകാര്യം ചെയ്ത അധികൃതർ 200 ചെക്ക്‌ പോസ്റ്റുകൾ സ്ഥാപിച്ചു. 1,256 ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 58 പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്‌തെന്നും അധികൃതർ വ്യക്തമാക്കി.