പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി അമ്മയായ സംഭവത്തില്‍ 21കാരൻ അറസ്റ്റില്‍.
പത്തനംതിട്ട അടൂർ ഏനാത്താണ് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ആദിത്യൻ എന്ന യുവാവിനെ പോക്‌സോ കേസില്‍ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പെണ്‍കുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും. കുടുംബത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് ബന്ധുവാണ് 17കാരി അമ്മയായതായി പരാതി നല്‍കിയത്.
ഏറെക്കാലമായി ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം. കുഞ്ഞിനിപ്പോള്‍ എട്ട് മാസം പ്രായമായി. പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. ഇരുവരെയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും. പൊലീസ് ചൈല്‍ഡ് ലൈൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
