നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ്; ഓഡിറ്റ് നടത്തിയപ്പോള്‍ ലക്ഷങ്ങളുടെ ക്രമക്കേട് പുറത്ത്; ഏലക്കാ കച്ചവടത്തില്‍ നഷ്ടമായത് മുപ്പത്തിയാറ് ലക്ഷത്തിലധികം രൂപ

നെടുങ്കണ്ടം: ബാലഗ്രാം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഓഡിറ്റ് നടത്തിയപ്പോള്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി.

ഏലക്കാ കച്ചവടത്തില്‍ മാത്രം ബാങ്കിന് നഷ്ടമായത് മുപ്പത്തിയാറ് ലക്ഷത്തിലധികം രൂപയാണ്. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.

ഇടുക്കിയിലെ സാധാരണക്കാരായ കൂലിപ്പണിക്കാരുടെയും കര്‍ഷകരുടെയും ആശ്രയവും ആശ്വാസവുമാണ് സഹകരണ ബാങ്കുകള്‍. വട്ടിപലിശക്കാരും ബ്ലേഡ് മാഫിയയും ഇടുക്കിയില്‍ പിടിമുറുക്കാത്തതിന് കാരണവും ഈ സഹകരണ ബാങ്കുകള്‍ തന്നെ. എന്നാല്‍ ഇവിടുത്തെയും ചില സഹകരണ ബാങ്കുകളില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതിലൊന്നാണ് ബാലഗ്രാം സഹകരണ ബാങ്ക്. 2023 ഫെബ്രുവരി 28ന് അംഗീകരിച്ച 2021-22 സാമ്ബത്തിക വര്‍ഷത്തിലെ ബാലഗ്രാം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നായി വ്യക്തമാകുന്നത്.

2021ലെ സ്‌റ്റോക്ക് സേറ്റ്‌മെന്റ് പ്രകാരം 13107485 രൂപ വിലവരുന്ന 9027.7 കിലോഗ്രാം ഏലക്കായായിരുന്നു. ഇതില്‍ നിന്ന് 8914 കിലോഗ്രാം ഏലക്ക 9461108 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. അന്ന് ശരാശരി വില 1451. 97 രൂപ നിലനില്‍ക്കുമ്ബോള്‍ 1030. 94 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇത്തരത്തില്‍ വിലയില്‍ കുറവുണ്ടായ ഇനത്തിലും ഉണ്ടായിരുന്ന സ്റ്റോക്കില്‍ കുറവുണ്ടായ ഇനത്തിലും മാത്രം ബാങ്കിന് നഷ്ടമായത് 36,46,377 രൂപയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.