താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കാര്‍; അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണമാരംഭിച്ച്‌ പൊലീസ്

കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തി.

കാറിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്.

റബർ മരങ്ങള്‍ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് രാവിലെ കാർ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്.

കാർ അബദ്ധത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികം വീടുകളോ ആളുകളോ സമീപത്തില്ല. ശബ്ദം കേട്ടുവെന്ന് നാട്ടുകാരില്‍ ചിലർ പറയുന്നുണ്ട്.

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരിക്കുകയാണ്. കാർ ആരുടേതാണെന്നും സംഭവിച്ചതെന്താണെന്നുമുള്ള കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.