തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമം; കോട്ടയം സ്വദേശിയായ പ്രതി പിടിയിൽ

കോന്നി: ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് വീട്ടില്‍ എബിന്‍ മോഹനെ (സനോജ്-37)ആണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്.

ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ഇയാള്‍ അവരെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ദേഹത്ത് മുറിവേല്‍പ്പിച്ചു.

വായ മുറിയുകയും അണപ്പല്ല് പറിഞ്ഞുപോകുകയും ചെയ്തു. സ്ത്രീ ബഹളംവെച്ചതിനെ തുടര്‍ന്ന് അക്രമി ഓടിരക്ഷപ്പെട്ടു. കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴിപ്രകാരമാണ് പോലീസ് കേസ് എടുത്തത്. വ്യാപകമാക്കിയ തിരച്ചിലിന് ഒടുവില്‍ പോലീസ് കാണക്കാരിയില്‍നിന്ന് എബിനെ കസ്റ്റഡിയിലെടുത്തു.

പ്രതി നാലുമാസമായി കോന്നിയിലെ ഭാര്യ വീട്ടിലാണ് താമസം. ഇവിടെ മാരുതിഷോറൂമില്‍ സ്‌പ്രേപെയിന്ററുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ അല്‍സാം, അനീഷ്, ജോസണ്‍, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.