പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കണ്ണൂർ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ രക്തക്കറ സംബന്ധിച്ച സൂചനകളുണ്ടെങ്കിലും മൃതദേഹപരിശോധന റിപ്പോർട്ടില്‍ ശരീരത്തില്‍ നിന്നും രക്തം വാർന്നതായോ പരിക്കേറ്റതായോ പരാമർശമില്ല. ഒക്ടോബർ 15-ന് രാവിലെയാണ് നവീൻ ബാബു മരിച്ച വിവരം അറിയുന്നത്. അന്നു രാവിലെ 10.15 മുതല്‍ 11.45 വരെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പരിശോധന നടത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.
നവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പോസ്റ്റുമോർട്ടം നടത്തിയപ്പോള്‍ ശരീരത്തില്‍ രക്തമോ മുറിവോ കണ്ടതായി റിപ്പോർട്ടില്ല.
ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
