കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് കണ്ണൂർ വിജിലൻസ് ഓഫിസില്‍ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഉച്ചക്ക് 1.40 നാണ് പ്രശാന്ത് മടങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തില്‍ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ വിവരങ്ങള്‍ തേടും.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രണ്ട് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകൻ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു.
