‘രാഹുലിന്റെ കാറില്‍ കഞ്ചാവ് വെച്ചില്ലല്ലോ, ആശ്വാസത്തിലാണ് ‌ഞങ്ങള്‍; നടന്നത് ഹീനമായ രാഷ്ട്രീയ നാടകമെന്ന് വി ഡി സതീശൻ

പാലക്കാട് : കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കൊടകരയില്‍ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങള്‍ സിപിഎം മാധ്യമങ്ങള്‍ക്ക് നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്ന് ചോദിച്ച സതീശൻ ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു.

രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് കൊണ്ട് വച്ച്‌ പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങള്‍. സിപിഎമ്മിൻ്റെ അടിമക്കൂട്ടമായ പൊലീസ് ഉദ്യോഗസ്ഥർ ചെവിയില്‍ നുള്ളിക്കോളു. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് ഇന്നലെ കണ്ടത്.

പൊലീസ് കൈവശം വെക്കേണ്ട സി സി ടിവി ദൃശ്യങ്ങള്‍ ആദ്യം എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സിപിഎമ്മാണ്. താനിതെല്ലാം ആദ്യം കണ്ടുവെന്ന് പറയുന്ന സി പി എം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്നും സതീശൻ ചോദിച്ചു.