നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു; ബസിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗ്ളൂരുവിൽനിന്ന് കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും.

ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്തു മാത്രമായിരിക്കും ഡോർ ഉണ്ടാവുക.

ശൗചാലയം ബസ്സിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1,280 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപയാണ്.

നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബര ബസ് വാങ്ങിയത്. നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങൾക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചു. പിന്നീട് കട്ടപുറത്താവുകയും ചെയ്തു.