ശബരിമല തീര്‍ത്ഥാടകരല്ലാത്തവര്‍ക്കും സ്‌പെഷ്യല്‍ ബസില്‍ യാത്ര ചെയ്യാം; കോട്ടയത്തു നിന്നുളള ആദ്യ പമ്പ ബസ് നവംബർ 15ന് പുറപ്പെടും

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കോട്ടയത്തു നിന്ന് നവംബർ 15ന് തന്നെ ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് പമ്പയിലേക്ക് പോകും.

 

17നാണ് നടതുറക്കുന്നതെങ്കിലും വ്യാപാരികളുടെയും മറ്റും സൗകര്യാര്‍ത്ഥമാണിത്. മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തുനിന്ന് 50 സ്‌പെഷ്യല്‍ ബസുകള്‍ എരുമേലി-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും.

 

തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച്‌ അധിക സര്‍വീസ് ക്രമീകരിക്കും. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയാണ് വിവിധ ഡിപ്പോകളില്‍നിന്ന് ബസുകള്‍ കോട്ടയത്ത് എത്തുന്നത്.

 

റെയില്‍വേ സ്റ്റേഷനു മുന്നില്‍ എരുമേലിക്കും പമ്പയ്‌ക്കും പുറപ്പെടാന്‍ പാകത്തില്‍ എപ്പോഴും രണ്ട് ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്.

 

തീര്‍ഥാടകരല്ലാത്തവര്‍ക്കും സ്‌പെഷ്യല്‍ ബസില്‍ യാത്ര ചെയ്യാം. തീര്‍ഥാടകര്‍ ആവശ്യപ്പെട്ടാല്‍ ഇടത്താവളങ്ങളിലെത്തിയും ആളെടുക്കും .45 തീര്‍ഥാടകരുടെ ടീം ആവശ്യപ്പെട്ടാല്‍ അതാത് സ്ഥലങ്ങളില്‍ പോയി സര്‍വീസ് നടത്താനും ക്രമീകരണമുണ്ട്.