ഇടുക്കി കോടിക്കുളത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നുവീണു; ഗൃഹനാഥൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍

കോടിക്കുളം: സംസ്ഥാനമൊട്ടാകെ മഴ പെയ്ത് തകര്‍ക്കുകയാണ്.

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലെ കനത്ത മഴയില്‍ ചെറുതോട്ടിൻകര ഭാഗത്ത് വീട് തകര്‍ന്നുവീണാണ് ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റത്.

ഇളംകാവ് മറ്റത്തില്‍ ബിനുവിന്റെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയും മറ്റും തകര്‍ന്ന് ദേഹത്തു വീണ് ബിനുവിന് പരുക്കേറ്റത്. ഇയാളെ ആദ്യം തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാത്രി ഏഴരയോടെയാണ് അപകടം. ഈ സമയത്ത് വീട്ടില്‍ ഭാര്യ ജയയും മക്കളായ അതുലും ആദിത്യയും ഉണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷീറ്റ് മേഞ്ഞ വീടായിരുന്നു. വീടിന് ബലക്ഷയം ഉണ്ടായിരുന്നതിനാല്‍ വാടകയ്ക്ക് മാറാൻ ശ്രമം നടത്തി വരികയായിരുന്നു.

ഇതിനിടയിലാണ് അപകടം. നാലര സെന്റ് സ്ഥലം ഉള്ള ഇവര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയിരുന്നെങ്കിലും മുൻഗണനാ പട്ടികയില്‍ പോലും വന്നിരുന്നില്ല.