നഗരം വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് നിലം പൊത്താവുന്ന ക്വാർട്ടേഴ്‌സുകൾ; മഴയെത്തുമ്പോൾ മുനിസിപ്പൽ ക്വാർട്ടേഴ്സിലെ കുടുംബങ്ങളുടെ മനസ്സിൽ ആധി, ഏതുനിമിഷവും നിലം പൊത്താവുന്ന കെട്ടിടത്തിൽ കഴിയുന്നത് 5 കുടുംബങ്ങൾ; നഗരസഭ സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോട്ടയം : മഴയെത്തുമ്പോൾ മുട്ടമ്പലം നേതാജി റോഡിന് സമീപം മുനിസിപ്പൽ ക്വാർട്ടേഴ്സിലെ കുടുംബങ്ങളുടെ മനസ്സിൽ ആധിയാണ്.

ഏതുനിമിഷവും നിലം പൊത്താവുന്ന കെട്ടിടത്തിലാണ് 5 കുടുംബങ്ങൾ കഴിയുന്നത്. നനയാതിരിക്കാൻ ക്വാർട്ടേഴ്സ് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞിരിക്കുകയാണ്.

20 കുടുംബങ്ങൾ ക്വാർട്ടേഴ്‌സ് ഉപേക്ഷിച്ച് താമസം മാറി. അവശേഷിക്കുന്നത് 5 കുടുംബങ്ങൾ മാത്രമാണ്. എട്ടിലും ആറിലും എൽകെജിയിലും പഠിക്കുന്ന 4 വിദ്യാർത്ഥികൾ മേൽക്കൂര തകർന്ന ക്വാർട്ടേഴ്സിലാണ് താമസം.

അരനൂറ്റാണ്ടു പഴക്കമുള്ള കെട്ടിടമാണിതെന്ന് താമസക്കാർ പറയുന്നു. തകരാറിലായ കെട്ടിടം പൊളിച്ചു മാറ്റി ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്ന വാഗ്ദാനത്തിന് 10 വർഷം പഴക്കമുണ്ട്.

മേൽക്കൂര കാറ്റെടുത്തിട്ട് ഒരു വർഷമായി. കഴിഞ്ഞവർഷം മേൽക്കൂരയിലെ ഓട് ചുഴലിക്കാറ്റിൽ പറന്നുപോയതാണ്. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇഴജന്തുക്കളും ഉടുമ്പും ക്വാർട്ടേഴ്സിനുള്ളിൽ കയറും.

5 കുടുംബത്തിന് ഒരു പൈപ്പ് കണക്‌ഷൻ ആണുള്ളത്. ഒരു പൈപ്പ് കണക്ഷൻ മാത്രമാണ് ക്വാർട്ടേഴ്സിനുള്ളത്. ഉച്ചകഴിഞ്ഞ് 3 മുതലാണ് ശുദ്ധജ ലം എത്തുന്നത്. ചിലപ്പോൾ വൈകീട്ട് അഞ്ച് കഴിഞ്ഞേ ശുദ്ധജലം എത്തൂ. ശുദ്ധജലം ടാങ്കിൽ നിറച്ചാണ് ഉപയോഗിക്കുന്നത്.

നഗരം വൃത്തിയാക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് നിലം പൊത്താവുന്ന ക്വാർട്ടേഴ്‌സുകൾ അനുവദിച്ച നഗരസഭ സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്‌ടിങ് ചെയർപഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശിച്ചു.