അപൂർവമായത് ഉൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ടായിരുന്നു ലൈബ്രറി; നാടിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന മറിയപ്പള്ളി മഹാത്മജി ലൈബ്രറി ക്ഷീണാവസ്ഥയിൽ; പ്രവർത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാർ

നാട്ടകം: മറിയപ്പള്ളി മഹാത്മജി ലൈബ്രറി പ്രവർത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാർ. 1948ൽ ആരംഭിച്ചതു മുതൽ നാടിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന ലൈബ്രറി ഇന്നു ക്ഷീണാവസ്ഥയിലാണ്. അപൂർവമായത് ഉൾപ്പെടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ടായിരുന്നു ലൈബ്രറിയിൽ.

2002–2004 വർഷങ്ങളിലെ കണക്കുകൾ ലൈബ്രറി കൗൺസിലിന് നൽകാതിരുന്നതോടെ ഗ്രാന്റ് ലഭിച്ചില്ല. ഇതോടെയാണു പ്രവർത്തനം നിലച്ചത്. 1962ൽ ഇപ്പോഴത്തെ ദേശീയപാതയുടെ അരികിൽ ആറര സെന്റ് സർക്കാർ ഏറ്റെടുത്ത് ലൈബ്രറിക്ക് നൽകുകയായിരുന്നു.1964ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് ഗ്രാന്റും ലഭിച്ചിരുന്നു. പുസ്തകം വയ്ക്കുന്നതിനുള്ള ഹാളും ഓഫിസ് മുറിയും മുകളിലത്തെ നിലയിൽ റീഡിങ് റൂമും റോഡിന് അഭിമുഖമായി 2 കടമുറികളുമുണ്ടായിരുന്നു. കടമുറികളൊഴിച്ചുള്ള ഭാഗം പൂർണമായും നശിച്ചു. ലൈബ്രറി പ്രവർത്തിക്കാത്തതിനാൽ കടമുറികളിലെ സ്ഥാപനങ്ങൾ വാടകയില്ലാതെയാണ് പ്രവർത്തിക്കുന്നത്.

പുസ്തകങ്ങളിലേറെയും മോഷണം പോയി. ബാക്കിയുള്ളവ ചിതലെടുത്ത് നശിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പലപ്രാവശ്യം ലൈബ്രറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംസ്ഥാന ലൈബ്രറി കൗൺസിൽ ലൈബ്രറി ഏറ്റെടുക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി പറഞ്ഞു.

മുൻപ് 2000 അംഗങ്ങൾ ഉണ്ടായിരുന്ന ലൈബ്രറി പുനരുദ്ധരിക്കാൻ നാട്ടുകാരും ശ്രമമാരംഭിച്ചിട്ടുണ്ട്. അക്ഷരം മ്യൂസിയത്തിന് സമീപം മഹാത്മജി ലൈബ്രറി ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിച്ച് ഇന്ന് ജനങ്ങളുടെ കൂട്ടായ്മ നടക്കുമെന്ന് പൊതുപ്രവർത്തകൻ ഷാനവാസ് അറിയിച്ചു.