കോട്ടയം: ജില്ലയിൽ മഞ്ഞപ്പിത്തവും പനിയും വയറിളക്കവും വ്യാപിക്കുന്നു. ഞീഴൂരിൽ മാത്രം 22 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായാണു കണക്ക്.
ഗുരുതര ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിലുള്ള മഞ്ഞപ്പിത്തത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ ആരോഗ്യ വകുപ്പ് തീവ്രശ്രമം ആരംഭിച്ചു.
പകർച്ചവ്യാധി പരിശോധനകൾക്കായി ആശുപത്രികളിലെ ഒപി വിഭാഗത്തിൽ ഇന്നലെ മാത്രം 21,425 പേർ എത്തി. ഇവരിൽ 553 പേർക്കു പനി സ്ഥിരീകരിച്ചു. ഇതിൽ 2 പേർക്കു ഡെങ്കിയാണ്. കൂടാതെ മറ്റു 2 പേർക്കു ചിക്കൻപോക്സും പിടിപെട്ടു.
വയറിളക്കം ബാധിച്ച് 78 പേർ ചികിത്സ തേടി. 8 പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
ആരോഗ്യവിഭാഗം പലതരത്തിലുള്ള പരിശോധനകൾ നടത്തിയെങ്കിലും മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം വെള്ളത്തിലൂടെയാണു പകരുന്നതെങ്കിൽ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നഗരസഭ– പഞ്ചായത്തുതല സമിതികൾ ഉടൻ ചേരും. വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കും. ഇന്നലെ 16 സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
കുടുംബശ്രീയുടെ സഹായത്തോടെ ക്ലോറിനേഷൻ ഊർജിതമാക്കാനും ആലോചനയുണ്ട്. പൊതുകിണറുകളിലെ ജലപരിശോധന ജല അതോറിറ്റിയുടെ സഹായത്തോടെ നടത്തും. ജല അതോറിറ്റി, വനം, ഭക്ഷ്യസുരക്ഷ, ജലനിധി, ആരോഗ്യം, കുടുംബശ്രീ, ക്ലീൻ കേരള, ഹരിതകർമ സേന, ശുചീകരണ വിഭാഗം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയയുടെ നേതൃത്വത്തിലാണു പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നത്.
പഞ്ചായത്തിന്റെ 4, 5 വാർഡുകളിലായാണു കുട്ടികൾക്കടക്കം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു. പ്രദേശത്തു വെള്ളം പമ്പു ചെയ്യുന്ന മുട്ടക്കാട് ശുദ്ധജല പദ്ധതിയുടെ കിണർ ആരോഗ്യവിഭാഗം പരിശോധിച്ചു.
കിണറിനരികിലൂടെ കടന്നുപോകുന്ന കനാലിൽ മാലിന്യങ്ങൾ തങ്ങിനിൽക്കുന്നതായി കണ്ടെത്തിയതിനാൽ പമ്പിങ് താൽക്കാലികമായി നിർത്തി. വീടുകൾ സന്ദർശിച്ച് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. ആശങ്കപ്പെടേണ്ടതില്ല.
ശുദ്ധജലവിതരണത്തിനു നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ വിവിധ സംഘങ്ങൾ പ്രദേശത്തെത്തും. ആരോഗ്യവകുപ്പ് ശേഖരിച്ചിരിക്കുന്ന സാംപിളുകളുടെ പരിശോധനാഫലം ഇന്നു ലഭിക്കും.
