തലയോലപ്പറമ്പ്: വൈക്കം – തലയോലപ്പറമ്പ് റോഡിൽ വടയാർ പാലത്തിനു സമീപം ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. രണ്ടു ദിവസം മുൻപും ഇവിടെ മാലിന്യം തള്ളിയിരുന്നു. രാത്രി ചെറിയ ടാങ്കർ ലോറിയിൽ എത്തിച്ച് മാലിന്യം തള്ളുന്നതായാണ് ആരോപണം. വേനൽ കടുത്തതോടെ തോട്ടിൽ വെള്ളം വറ്റി മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ദുർഗന്ധം കാരണം മൂക്കു പൊത്താതെ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. തുടർച്ചയായി മാലിന്യം തള്ളുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും വാഹനം പിടികൂടാനോ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോ അധികൃതർ തയാറാകാത്തതാണ് ഇത്തരം സംഭവം തുടർക്കഥയായി മാറുന്നതെന്നു പഞ്ചായത്തംഗം സേതുലക്ഷ്മി ആരോപിച്ചു. നഗരത്തിലെ പ്രധാന വഴികളിൽ ഉൾപ്പെടെ ഒട്ടേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രത്യേകം കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലും കൂടാതെ സ്വകാര്യ വ്യാപാരസ്ഥാപനം, വീടുകൾ ഉൾപ്പെടെ ഒട്ടേറെ ക്യാമറകൾ വേറെയുണ്ട്. എന്നിട്ടും ശുചിമുറി മാലിന്യം തള്ളുന്ന വാഹനം കണ്ടെത്താൻ കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
തോട്ടുവക്കം കെവി കനാലിന്റെ വടക്കുഭാഗത്ത് ചേരുംചുവട്ടിലേക്കു പോകുന്ന റോഡരിക്, കണിയാംതോട്, തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. തുടർച്ചയായി മാലിന്യം തള്ളുന്നത് പ്രദേശത്തുള്ളവർക്ക് പല സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നു. സംഭവം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചാൽ പേരിന് ശകലം ബ്ലീച്ചിങ് പൗഡർ വിതറി മടങ്ങുക മാത്രമാണ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
വടയാർ പാലത്തിൽ വഴിവിളക്കുകളുടെ തൂണുകൾ ധാരാളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും പ്രകാശിക്കാത്തതു മാലിന്യംതള്ളലുകാർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. ശുചിമുറി മാലിന്യം തള്ളുന്നവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രധാന റോഡരികിലെ മുഴുവൻ വഴിവിളക്കും പ്രകാശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
