രണ്ട് താലൂക്കുകളിലായി 65 കുട്ടികള്‍ക്ക് രോഗം; ലക്ഷണം ചെറിയ പനിയും തലവേദനയും; കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു

ആലപ്പുഴ : ജില്ലയില്‍ കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു.

രണ്ട് മാസത്തിനുള്ളല്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ 65കുട്ടികള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപകമായതിനെത്തുടര്‍ന്ന് എരമല്ലൂര്‍ എന്‍.എസ് എല്‍.പി.എസ്, പെരുമ്പളം എല്‍.പി.എസ് സ്‌കൂളുകള്‍ 21ദിവസത്തേക്ക് അടച്ചു.

എരമല്ലൂരിലെ സ്‌കൂളിലെ 27 കുട്ടികള്‍ക്കും പെരുമ്പളത്തെ അഞ്ചുകുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം പുന്നപ്ര ഗവ.ജെ.ബി.എല്‍.പി സ്‌കൂളില്‍ 33 എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ചിരുന്നു.

സാധാരണ രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇന്‍കുബേഷന്‍ കാലയളവ് (രോഗികളുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് രോഗ ലക്ഷണം പ്രകടമാകാന്‍ സാധ്യതയുള്ള സമയം) 12 മുതല്‍ 25 ദിവസമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകള്‍ വായുവില്‍ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.

തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.