ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്‍റെ കാല്‍; മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കം, എറണാകുളം-ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്: സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷൻ ട്രാക്കില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയില്‍വേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

റെയില്‍വെ ട്രാക്കില്‍ വെച്ച്‌ ട്രെയിൻ ഇടിച്ചശേഷം കാല്‍ ഭാഗം ട്രെയിനില്‍ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്ബതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയില്‍ എത്തിയത്.

തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.

ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്.

വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിൻ ആയതിനാല്‍ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും.

 

മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കില്‍ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശേധനയടക്കം നടത്തും.