എം ആര്‍ അജിത് കുമാറിന് തിരിച്ചടി; ക്ലിൻ ചിറ്റ് റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്‌ടര്‍ മടക്കി

തിരുവനന്തപുരം: എഡിജിപിഎംആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നല്‍കിയ റിപ്പോർട്ട് മടക്കി വിജിലൻസ് ഡയറക്ടർ.

കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്‌പിയാണ് അന്വേഷണം നടത്തിയത്.

വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചയ്‌ക്ക് വരാനും നിർദ്ദേശം നല്‍കി.

എംആർ അജിത്കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പി വി അൻവർ എംഎല്‍എ ഉന്നയിച്ചത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്‌പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.

എന്നാല്‍, ഈ ആരോപണം പൂർണമായും തെറ്റാണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തല്‍. കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്‌പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തല്‍. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.