കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പ്രതിയായ ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി കൊടുവളള സ്വദേശി ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഉളളത്.
അമിത ആദായത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നും പരീക്ഷയുടെ തലേ ദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യൂ ട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു.
