യുവാക്കള്‍ കാരവാനില്‍ മരിച്ച സംഭവത്തില്‍ എൻഐടി സംഘത്തിൻ്റെ നിര്‍ണായക കണ്ടെത്തല്‍; മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചത്

കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണ കാരണം കാർബണ്‍ മോണോക്സൈഡെന്ന് കണ്ടെത്തല്‍.

എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍. ജനറേറ്ററില്‍ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാർബണ്‍ മോണോക്സൈഡാണ് വാഹനത്തില്‍ പടർന്നെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയി ഭാഗമായിരുന്നു.

മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയില്‍ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കള്‍ മരിച്ചുകിടന്നത്.

വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കള്‍. വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിൻ്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച്‌ ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.